Kerala
ലക്നോ: മുഷ്താഖ് അലി ട്വന്‍റി20 ടൂര്‍ണമെന്‍റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനെതിരേ ആസാമിന് 102 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം 19.4 ഓവറില്‍ 101 റണ്‍സിന് പുറത്തായി.
33 പന്തിൽ 23 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. രോഹനെ കൂടാതെ, കൃഷ്ണ പ്രസാദ് (14), മുഹമ്മദ് അസ്‌ഹറുദ്ദീൻ (11), എൻ.എം. ഷറഫുദ്ദീൻ (15) എന്നിവർക്കു മാത്രമേ രണ്ടക്കമെങ്കിലും കടക്കാനായുള്ളൂ.
നായകൻ അഹമ്മദ് ഇമ്രാൻ (അഞ്ച്), സൽമാൻ നിസാർ (ഏഴ്), പി.എ. അബ്ദുൾ ബാസിത് (അഞ്ച്), അഖിൽ സ്കറിയ (മൂന്ന്), എം.ഡി. നിതീഷ് (ഒമ്പത്), കെ.എം. ആസിഫ് (പൂജ്യം) എന്നിവർ തീർത്തും നിരാശപ്പെടുത്തി. സഞ്ജുവിന് പകരം അഹമ്മദ് ഇമ്രാനാണ് കേരളത്തിനെ ഇന്ന് നയിക്കുന്നത്.
ആസാമിനു വേണ്ടി സാദക് ഹുസൈൻ 19 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഖ്താർ ഹുസൈൻ, അവിനവ് ചൗധരി, അബ്ദുൾ അജിജ് കുറൈശി എന്നിവർ രണ്ടുവിക്കറ്റ് വീതമെടുത്തു.
Sports
ലക്നോ: സയിദ് മുഷ്താഖ് അലി ടി20യില്‍ ആന്ധ്രാപ്രദേശിനെതിരേ കേരളത്തിനു ബാറ്റിംഗ്. ടോസ് നേടിയ ആന്ധ്ര ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
അഞ്ച് മത്സരങ്ങളില്‍ 16 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ആന്ധ്ര. അതേസമയം, മൂന്നാം സ്ഥാനത്തുള്ള കേരളത്തിന് അഞ്ചു മത്സങ്ങളില്‍ നിന്നായി 12 പോയിന്‍റാണുള്ളത്. അതിനാൽ തന്നെ കേരളത്തിന് ഇന്ന് ജയം അനിവാര്യമാണ്.
കേരളം പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിത്ത്, ഷറഫുദ്ദീന്‍, എം.ഡി. നിധീഷ്, കെ.എം. ആസിഫ്, വിഘ്‌നേഷ് പുത്തൂര്‍, കൃഷ്ണ പ്രസാദ്, എന്‍. ബിജു നാരായണന്‍
ആന്ധ്ര പ്ലേയിംഗ് ഇലവൻ: ശ്രീകര്‍ ഭരത്, അശ്വിന്‍ ഹെബ്ബാര്‍, ഷെയ്ക് റഷീദ്, റിക്കി ഭുയി (ക്യാപ്റ്റന്‍), പ്രസാദ്, പൈല അവിനാഷ്, കെ.വി. ശശികാന്ത്, സൗരഭ് കുമാര്‍, സത്യനാരായണ രാജു, ബൈലപുഡി യശ്വന്ത്, പൃഥ്വി രാജ് യാര.
Sports
ലക്നോ: സയ്യിദ് മുഷ്താഖ് അലി ട്വന്‍റി-20 ക്രിക്കറ്റിൽ ഛത്തീസ്ഗഡിനെ തകർത്ത് കേരളം. എട്ട് വിക്കറ്റിനായിരുന്നു കേരളത്തിന്‍റെ തകർപ്പൻ ജയം. ഛത്തീസ്ഗഡ് ഉയർത്തിയ 121 റണ്‍സ് വിജയലക്ഷ്യം കേരളം 10.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഡ് 19.5 ഓവറിൽ 120ന് ഓൾഔട്ടായി. ഛത്തീസ്ഗഡിനായി ക്യാപ്റ്റൻ അമൻദീപ് ഖരെ മികച്ച പ്രകടനം കാഴ്ചവച്ചു. 37 പന്തിൽ 41 റണ്‍സെടുത്ത ഖരെ ആണ് ഛത്തീസ്ഗഡ് നിരയിൽ ടോപ് സ്കോറർ. സഞ്ജിത് ദേശായി 23 പന്തിൽ 35 റണ്‍സും നേടി. ശശാങ്ക് ചന്ദ്രകാർ 17 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം പോലും കണ്ടെത്താനായില്ല.
കേരളത്തിനായി മികച്ച തുടക്കമാണ് ഓപ്പറുമാരായ സഞ്ജു സാംസണും രോഹൻ കുന്നുമ്മലും ഒരുക്കിയത്. ഇരുവരും ചേർന്ന് 4.2 ഓവറിൽ 72 റണ്‍സെടുത്തു. സഞ്ജു 15 പന്തിൽ അഞ്ച് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 43 റണ്‍സെടുത്തു. രോഹൻ 17 പന്തിൽ 33 റണ്‍സും നേടി. ഇരുവരുടെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.
പുറത്താകാതെ സൽമാൻ നിസാറും (18 പന്തിൽ 16) വിഷ്ണു വിനോദും (14 പന്തിൽ 22) ചേർന്ന് കേരളത്തെ വിജയത്തിലെത്തിച്ചു.
Sports
ലക്നോ: മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കേരളത്തിനെതിരേ റെയിൽവേസിന് 37 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
19 റൺസെടുത്ത നായകൻ സഞ്ജു സാംസണാണ് കേരള നിരയിലെ ടോപ് സ്കോറർ. താരത്തെ കൂടാതെ സൽമാൻ നിസാർ (18), അഖിൽ സ്കറിയ (16), അങ്കിത് ശർമ (15), അഹമ്മദ് ഇമ്രാൻ (12) എന്നിവർക്കു മാത്രമേ രണ്ടക്കം കാണാനായുള്ളൂ.
റെയിൽവേസിനു വേണ്ടി അടൽ ബിഹാരി റായ് 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ശിവം ചൗധരി രണ്ടും ആകാശ് പാണ്ഡെ, ആർ.കെ. ചൗധരി, കരൺ ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, ലക്നോ അടൽ ബിഹാരി വാജ്പേയി ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റെയിൽവേസ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 149 റൺസെടുത്തത്. 32 റണ്‍സെടുത്ത നവനീത് വിര്‍ക് ആണ് റെയില്‍വേസിന്‍റെ ടോപ് സ്കോറര്‍. രവി സിംഗ് 25 റണ്‍സെടുത്തപ്പോള്‍ ശിവം ചൗധരി 24 റണ്‍സെടുത്തു.
കേരളത്തിനായി കെ.എം. ആസിഫ് നാലോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷറഫുദ്ദീനും അഖില്‍ സ്കറിയയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Sports
ലക്നോ: സയ്യിദ് മുഷ്താഖ് അലി ട്വന്‍റി-20 ക്രിക്കറ്റ് രണ്ടാം റൗണ്ട് പോരാട്ടത്തില്‍ കേരളം ഇന്ന് റെയില്‍വേസിനെ നേരിടും. ആദ്യ മത്സരത്തില്‍ കേരളം 10 വിക്കറ്റിന് ഒഡീഷയെ കീഴടക്കിയിരുന്നു.
Sports
ലക്നോ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി-20 ക്രിക്കറ്റിന്റെ 2025 സീസണില്‍ തകര്‍പ്പന്‍ ജയത്തോടെ കേരളത്തിന്‍റെ മിന്നും തുടക്കം. സീസണിലെ ആദ്യ മത്സരത്തില്‍ കേരളം 10 വിക്കറ്റിന് ഒഡീഷയെ കീഴടക്കി. 21 പന്ത് ബാക്കിനില്‍ക്കേയാണ് കേരളത്തിന്‍റെ ജയം.
സെഞ്ചുറി നേടിയ രോഹന്‍ കുന്നുമ്മലും അര്‍ധസെഞ്ചുറിയുമായി ക്രീസില്തുടര്ന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണുമാണ് കേരളത്തിനു മിന്നും ജയമൊരുക്കിയത്. സ്കോര്‍: ഒഡീഷ 20 ഓവറില്‍ 176/7. കേരളം 16.3 ഓവറില്‍ 177/0.
ഓപ്പണിംഗ് റിക്കാര്‍ഡ്
ഒഡീഷ മുന്നോട്ടുവച്ച 177 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് കേരളം അനായാസമാണ് എത്തിയത്. 60 പന്തില്‍ 10 വീതം സിക്സും ഫോറുമായി രോഹന്‍ കുന്നുമ്മല്‍ 121 റണ്‍സുമായും 41 പന്തില്‍ ഒരു സിക്സും ആറ് ഫോറുമായി സഞ്ജു സാംസണും പുറത്താകാതെ നിന്നു. രോഹന്‍ 22 പന്തില്‍ അര്‍ധസെഞ്ചുറിയും 54 പന്തില്‍ സെഞ്ചുറിയും കടന്നു.
സയ്യിദ് മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ റിക്കാര്‍ഡ് ഓപ്പണിംഗ് കൂട്ടുകെട്ടാണ് രോഹനും സഞ്ജുവും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 2023ല്‍ ചണ്ഡിഗഡിന്റെ മനന്‍ വോറയും അര്ജുന് ആസാദും ചേര്‍ന്ന് ഓപ്പിംഗ് വിക്കറ്റില്‍ 159 റണ്‍സ് നേടിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഒഡീഷയുടെ ടോപ് സ്കോറര്‍ ക്യാപ്റ്റന്‍ ബിപ്ലവ് (41 പന്തില്‍ 53) സമന്തരയായിരുന്നു. കേരളത്തിനായി എം.ഡി. നിധീഷ് 35 റണ്‍സ് വഴങ്ങി നാലും കെ.എം. ആസിഫ് 24 റണ്‍സ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി.